Saturday 27 March 2010

വിട

വിടപറയാം നമുക്കിനി.. 

ഇനി ഒരികലും കണ്ടുമുട്ടുകയില്ല നാം 
എന്ന് പരസ്പരമാശംസിക്കാം.
അലയുന്ന വീഥികളില്‍ അറിയാതെ പോലും

നമ്മുടെ കണ്ണുകള്‍ തമ്മില്‍ തെറ്റാതിരിക്കട്ടെ!
ഒരുമിച്ചു ചിലവഴിച്ച നിമിഷങ്ങളുടെ
മണമുള്ള ഒരു പിടി ഓര്‍മകളുമായി,
സുഖമുള്ള വേദനകളുമായി
ജീവിക്കാം ഞാന്‍ ഇനി.

പ്രണയത്തില്‍ ചാലിച്ചു നീ തൊട്ടു തന്ന ചന്ദനകുറി  
മായ്ച്ചുകളയാം ഞാന്‍ ഇനി.
ഒരുമിച്ചു നടന്നു തീര്‍ത്ത  വഴികളിലെ 
നിന്റെ കാല്പാടുകള്‍ കണ്ടില്ലെന്നു ഭാവിക്കാം. 
എന്റെ മിഴികള്‍ നിറഞ്ഞതെന്തിനെന്നു നീ ചോദിച്ചപ്പോള്‍
ഒരു കരടു പോയതാണ്നെന്നു കള്ളം പറയാം. 



ഒരികളും കണ്ടുമുട്ടാത്ത വഴികളെ പോലെ 
സമാന്തര രേഖകള്‍ ആയി മാറാം നമുക്കിനി

ഇനി ഉണ്ടാകില്ലോരിക്കലുമാ 
കൂടിച്ചേരലുകളും സംഭാഷണങ്ങളും. 
ഇടവേളകള്‍ ഇല്ലാതെ പാഞ്ഞൊഴുകുന്ന 
ജീവിതനദിയുടെ പ്രവാഹത്തില്‍ 
അകാല മരണം പ്രാപിച്ച എന്‍റെ വികാരങ്ങള്‍കായി
ആ നദിതടത്തില്‍
ബലിയിടാം ഞാന്‍  
കൈകൊട്ടി വിളിക്കാം ബലി കാക്കകളെ ,
എന്‍റെ സ്വപ്നങ്ങളുടെ ബലി ചോറ് ഉണ്ണാന്‍. 
നടന്നു നീങ്ങാം ഞാന്‍ 
നീങ്ങി നീങ്ങി പോകാം 
ലക്ഷ്യങ്ങളിലേയ്ക്ക് ചുവടുകള്‍ വെച്ച്. 
അന്യനായി മാറാം ഞാന്‍ 
ആള്‍കൂട്ടത്തിലെ അപരിചിതനെ പോലെ, 
പരസ്പര ബന്ധങ്ങള്‍ ഇല്ലാത്തവരെ പോലെ. 
ഇനിയൊരിക്കലും സ്വപ്നം കാണാതിരിക്കാന്‍ 
പ്രാക്ടിക്കല്‍  ആകാം ഞാന്‍  
ബന്ധങ്ങളുടെ, ഈ ചങ്ങലകള്‍ തകര്‍ത്തെറിയാം
പൂട്ടുകള്‍ തച്ചുടയ്ക്കാം
ഉയര്‍ന്നു പറക്കാം നമുക്കിനി
അതിരുകള്‍ ഇല്ലാത്ത ഈ ആകാശത്തില്‍ 
സ്വതന്ത്രരായി
വിട പറയാം  നമുക്കിനി ...










Thursday 11 March 2010

ഇരുട്ടും പ്രണയവും

 ഇരുട്ട് ,
ഇഷ്ടമാണോ സുഹൃത്തേ ഇരുട്ട് ?
എനിക്കിഷ്ടമാണ്ട്ടോ 

ഇരുട്ടത്ത്‌  വാതിലടച്ച്‌
ചുമരിനോട് ചെര്‍ന്നിരിക്കാന്‍ 
എന്ത് സുഖമാണെന്നോ
ചുമരില്‍ നിന്നും തണുപ്പ് 
പടരും ശരീരത്തിലേയ്ക്ക് 
പതുക്കെ വളരെ പതുക്കെ 
ഒടുവില്‍ മരവിക്കും ശരീരം
മോര്‍ച്ചറിയിലെ മൃതശരീരം പോലെ 
എനികിഷ്ടമാണ് ഈ മരവിപ്പ് 
പ്രത്യേകിച്ചും ഈ ഇരുട്ടിനോടൊപ്പം


പ്രണയിച്ചിട്ടുണ്ടോ സുഹൃത്തേ
പ്രണയം മനസ്സില്‍ നിന്നല്ല 
കണ്ണുകളില്‍ നിന്നാണ് തുടങ്ങുന്നതെന്നാണ് 
എന്‍റെ പക്ഷം 
കണ്ണുകള്‍ നിറഞ്ഞിട്ടുണ്ടോ പ്രണയത്തില്‍ 
നീറി നീറി മറിക്കാന്‍ ആഗ്രഹിച്ചിട്ടുണ്ടോ 
ആ പ്രണയത്തില്‍ 
അപ്പോള്‍ ഇരുട്ട് നിങ്ങള്‍ക്കാവശ്യമായി വരും
ആരും കാണില്ല 
പ്രണയം വെറും സ്വപ്നങ്ങളായി മാറുന്നത് 
സ്വപ്‌നങ്ങള്‍ വെറും ഓര്‍മ്മകളായി മാറുന്നത് 
ഓര്‍മ്മകള്‍ നെടുവീര്‍പ്പുകളായി മാറുന്നത് 
നെടുവീര്‍പ്പുകള്‍ കണ്ണീരായി മാറുന്നത്  
ആരുമറിയാതെ ആരും കാണാതെ 
ആ ഇരുട്ടില്‍ ചുമരിനോട് ചേര്‍ന്ന് ആ തണുപ്പില്‍ 
ആഘോഷിക്കാം ഇരുട്ടും പ്രണയവും