Sunday 24 March 2013


                           വീണ്ടും  മഴ
കുറേ നാളുകൾ കഴിഞ്ഞ്
ഇന്നാണ് നീ  വീണ്ടും വന്നത്‌
പരിചയം പുതുക്കൽ
ഇത്ര ശക്തമാകുമെന്ന്  ഞാൻ കരുതിയില്ല

കാറ്റിനൊപ്പം  ആഞ്ഞടിച്ച നിന്റെ
ഓരോ തുള്ളിയും ട്രെസ്സിന്റെ മുകളിൽ
ഒരു  വെടികെട്ടിന്റെ  ശബ്ദഗാംഭീര്യത്തോടെ
വീഴുന്നത്  ഞാൻ കേട്ടു

പുരപുറത്തെ കോണ്‍ക്രീറ്റ് ചെയ്ത
കമ്പികളുടെ ബാക്കി ;അതിനിടയിൽ നിന്ന
എന്നേ നീ തൊട്ടും തലോടിയും പ്രലോഭിപിച്ചുകൊണ്ടിരുന്നു
നാളുകൾക്കു ശേഷമുള്ള മഴയാണ്
നിന്നിൽ നനയരുത്  എന്നെന്റെ അമ്മ 
പനി  വരുമത്രേ
വർഷങ്ങൾക്കു ശേഷമുള്ള കൂടികാഴ്ച്ചയല്ലെ
നിന്നിൽ നനഞ്ഞിട്ടെഉള്ളു  എന്ന്  ഞാനും

 കൂടെ നനയാൻ ആരുമില്ല
എന്നത്തേയും പോലെ  നീയും ഞാനും മാത്രം

വെയിലേറ്റു  വാടിയ വീട്ടുമുറ്റത്ത്‌
ഇപ്പൊ നിന്റെ മണമാണ്
പച്ചമണ്ണിന്റെ ഗന്ധം


നിന്നെയും ആസ്വദിച്ചുകൊണ്ടിരിക്കെ
അമ്മയുടെ ശബ്ദം
നിന്നെയും എന്നെയും ചീത്ത വിളിച്ചു കൊണ്ടുള്ള വരവാണ്
ഒരു കയ്യിൽ തോർത്തും  മറു കയ്യിൽ രാസ്നാദി പൊടിയും
ഞാൻ പോകട്ടെ ,ഇനി കാണും വരെ
നിനക്ക്  നന്ദി.....

Wednesday 26 December 2012

ഇനി ഏതു വഴി.....






ആ വഴി ഈ വഴി പല വഴി പുതു വഴി
ഇടവഴി  കുറുക്കുവഴി
പലതാണ് വഴികള്‍
അതിലൂടെയെല്ലാം ഓടിയും നടന്നും നോക്കി
പക്ഷെ എത്തിച്ചേരുന്നത്
ആ കൂറ്റന്‍ സൈന്‍ബോര്‍ഡുകള്‍ വെച്ചിട്ടുള്ള 
അതേ നാല്‍കവലയില്‍
ഇനിയങ്ങോട്ട് ഏതു  വഴി എന്നറിയില്ല
ആള്‍കൂട്ടത്തില്‍ അമ്മയുടെ കൈ വിട്ടു പോയ കൊച്ചുകുട്ടിയെ പോലെ
പകച്ചു നില്‍ക്കുന്ന എന്നെ നോക്കി ആ സൈന്‍ബോര്‍ഡുകള്‍
ചിരിക്കുന്നുണ്ടോ എന്നൊരു സംശയം.

Thursday 30 June 2011

മഴയും ഞാനും സംസാരിച്ചത്




                                             മഴ എന്നോട് 

                                                പൊള്ളുന്ന വേനല്‍ വെയിലില്‍ നിന്നെയും തനിച്ചാക്കി 
                                                യാത്ര ചോദിക്കാതെ പടിയിറങ്ങി പോയതിനു 
                                                നിനക്കെനോട് വിഷമം തോന്നരുത് 
                                                പെയ്യുന്ന എന്നെ ,
                                                ഒരു കൈ കോഫി കപ്പിലും 
                                                മറുകൈ തുറന്നിട്ട ജനാല മേലും വെച്ച്
                                                നീ എന്നെ ആസ്വദിച്ചത് ഓര്‍ക്കഞ്ഞിട്ടല്ല 
                                                നീ അസ്വസ്ഥനാകുന്നത് കാണാന്‍ ആഗ്രഹമില്ലാഞ്ഞിട്ടല്ല 
                                                പക്ഷെ   ....

                                            ഞാന്‍  മഴയോട് 

                                              ഉഷ്ണദിനങ്ങളാനിവിടെ 
                                              നിന്നില്‍  നനഞ്ഞതും 
                                              നിന്നെ പ്രണയിച്ചതും 
                                              മാത്രമാണ് ഓര്‍മകളില്‍ 
                                              നീ പെയ്തിറങ്ങുന്നതിന്റെ ശബ്ദം കേള്‍ക്കണം 
                                             നിയെന്റെ ശരീരത്തിലേയ്ക്ക് പകരുന്ന തണുപ്പനുഭവിക്കണം
                                             ഇനി ഇല്ല ഈ കോണ്‍ക്രീറ്റ് വനത്തിലെ ജീവിതം 
                                             വെന്തുരുകാന്‍ വയ്യ എനിക്കിനി 
                                             ഞാന്‍  യാത്ര തുടങ്ങുകയാണ് നിന്നെ തേടി 
                                             മഴക്കാറുകള്‍ തേടി ....
                                                

Tuesday 10 May 2011

ഒടുക്കത്തെ പല്ലുവേദന ...

വലിയ കുഴപ്പമില്ലാതെ ഓടികൊണ്ടിരുന്ന തീവണ്ടിയാ
അതിനിടയിലാ ദാ പിടിച്ചൊന്നും പറഞ്ഞു
ഡ്രൈവര്‍ക്കൊരു പല്ലുവേദന
നന്നായി ഓടികൊണ്ടിരുന്ന വണ്ടിയാ ...അപ്പോഴാ ..
കുറച്ചൊന്നു പാളിയെങ്കിലും ....
തീവണ്ടി പാളം തെറ്റാതെ ദൈവംതമ്പുരാന്‍ കാത്തു...
ഡ്രൈവര്‍ വേദനയും കടിച്ചുപിടിച്ച് അതെ നില്‍പ്പ് തന്നെ .....
ഇനി ഒരു പല്ലുവേടനയും പാളംതെറ്റലും ഉണ്ടാവാതിരിക്കാന്‍
പ്രാര്‍ഥനയോടെ.... അതെ നില്‍പ്പ് ....

ബ്ലാക്ക്‌ ക്യാന്‍വാസ്



കട്ടപിടിച്ച കറുപ്പ് നിറമാണ്‌ എന്‍റെ ക്യാന്‍വാസില്‍ നിറയെ 
ഒന്ന് നിറംപിടിപ്പിക്കാമെന്നു കരുതി ...
അങ്ങിനെ നിറകൂട്ടുകള്‍ തേടി ഒരു യാത്ര
ദൂരെ കുന്നിന്റെ മുകളിലായിട്ടായിരുന്നു മഴവില്ല്
കൈയെത്തി പിടിച്ചു നിറങ്ങളെ പുല്‍കി ;
എന്ന് കരുതിയപ്പോഴാണ് ..
പൊടുന്നെനെ കാഴ്ച നഷ്ടപെട്ട പോലെ
നിറങ്ങള്‍ അന്യമായത് ..
ഉറക്കത്തില്‍ നിന്നും ഞെട്ടി ഉണര്‍ന്നപോഴാണ്
യാത്ര അവസാനിച്ചത്‌ 
കൈയ്യില്‍ ശൂന്യത
ക്യാന്‍വാസിനു ഇപ്പോഴും അതെ കറുപ്പ് തന്നെ ....

Saturday 27 March 2010

വിട

വിടപറയാം നമുക്കിനി.. 

ഇനി ഒരികലും കണ്ടുമുട്ടുകയില്ല നാം 
എന്ന് പരസ്പരമാശംസിക്കാം.
അലയുന്ന വീഥികളില്‍ അറിയാതെ പോലും

നമ്മുടെ കണ്ണുകള്‍ തമ്മില്‍ തെറ്റാതിരിക്കട്ടെ!
ഒരുമിച്ചു ചിലവഴിച്ച നിമിഷങ്ങളുടെ
മണമുള്ള ഒരു പിടി ഓര്‍മകളുമായി,
സുഖമുള്ള വേദനകളുമായി
ജീവിക്കാം ഞാന്‍ ഇനി.

പ്രണയത്തില്‍ ചാലിച്ചു നീ തൊട്ടു തന്ന ചന്ദനകുറി  
മായ്ച്ചുകളയാം ഞാന്‍ ഇനി.
ഒരുമിച്ചു നടന്നു തീര്‍ത്ത  വഴികളിലെ 
നിന്റെ കാല്പാടുകള്‍ കണ്ടില്ലെന്നു ഭാവിക്കാം. 
എന്റെ മിഴികള്‍ നിറഞ്ഞതെന്തിനെന്നു നീ ചോദിച്ചപ്പോള്‍
ഒരു കരടു പോയതാണ്നെന്നു കള്ളം പറയാം. 



ഒരികളും കണ്ടുമുട്ടാത്ത വഴികളെ പോലെ 
സമാന്തര രേഖകള്‍ ആയി മാറാം നമുക്കിനി

ഇനി ഉണ്ടാകില്ലോരിക്കലുമാ 
കൂടിച്ചേരലുകളും സംഭാഷണങ്ങളും. 
ഇടവേളകള്‍ ഇല്ലാതെ പാഞ്ഞൊഴുകുന്ന 
ജീവിതനദിയുടെ പ്രവാഹത്തില്‍ 
അകാല മരണം പ്രാപിച്ച എന്‍റെ വികാരങ്ങള്‍കായി
ആ നദിതടത്തില്‍
ബലിയിടാം ഞാന്‍  
കൈകൊട്ടി വിളിക്കാം ബലി കാക്കകളെ ,
എന്‍റെ സ്വപ്നങ്ങളുടെ ബലി ചോറ് ഉണ്ണാന്‍. 
നടന്നു നീങ്ങാം ഞാന്‍ 
നീങ്ങി നീങ്ങി പോകാം 
ലക്ഷ്യങ്ങളിലേയ്ക്ക് ചുവടുകള്‍ വെച്ച്. 
അന്യനായി മാറാം ഞാന്‍ 
ആള്‍കൂട്ടത്തിലെ അപരിചിതനെ പോലെ, 
പരസ്പര ബന്ധങ്ങള്‍ ഇല്ലാത്തവരെ പോലെ. 
ഇനിയൊരിക്കലും സ്വപ്നം കാണാതിരിക്കാന്‍ 
പ്രാക്ടിക്കല്‍  ആകാം ഞാന്‍  
ബന്ധങ്ങളുടെ, ഈ ചങ്ങലകള്‍ തകര്‍ത്തെറിയാം
പൂട്ടുകള്‍ തച്ചുടയ്ക്കാം
ഉയര്‍ന്നു പറക്കാം നമുക്കിനി
അതിരുകള്‍ ഇല്ലാത്ത ഈ ആകാശത്തില്‍ 
സ്വതന്ത്രരായി
വിട പറയാം  നമുക്കിനി ...










Thursday 11 March 2010

ഇരുട്ടും പ്രണയവും

 ഇരുട്ട് ,
ഇഷ്ടമാണോ സുഹൃത്തേ ഇരുട്ട് ?
എനിക്കിഷ്ടമാണ്ട്ടോ 

ഇരുട്ടത്ത്‌  വാതിലടച്ച്‌
ചുമരിനോട് ചെര്‍ന്നിരിക്കാന്‍ 
എന്ത് സുഖമാണെന്നോ
ചുമരില്‍ നിന്നും തണുപ്പ് 
പടരും ശരീരത്തിലേയ്ക്ക് 
പതുക്കെ വളരെ പതുക്കെ 
ഒടുവില്‍ മരവിക്കും ശരീരം
മോര്‍ച്ചറിയിലെ മൃതശരീരം പോലെ 
എനികിഷ്ടമാണ് ഈ മരവിപ്പ് 
പ്രത്യേകിച്ചും ഈ ഇരുട്ടിനോടൊപ്പം


പ്രണയിച്ചിട്ടുണ്ടോ സുഹൃത്തേ
പ്രണയം മനസ്സില്‍ നിന്നല്ല 
കണ്ണുകളില്‍ നിന്നാണ് തുടങ്ങുന്നതെന്നാണ് 
എന്‍റെ പക്ഷം 
കണ്ണുകള്‍ നിറഞ്ഞിട്ടുണ്ടോ പ്രണയത്തില്‍ 
നീറി നീറി മറിക്കാന്‍ ആഗ്രഹിച്ചിട്ടുണ്ടോ 
ആ പ്രണയത്തില്‍ 
അപ്പോള്‍ ഇരുട്ട് നിങ്ങള്‍ക്കാവശ്യമായി വരും
ആരും കാണില്ല 
പ്രണയം വെറും സ്വപ്നങ്ങളായി മാറുന്നത് 
സ്വപ്‌നങ്ങള്‍ വെറും ഓര്‍മ്മകളായി മാറുന്നത് 
ഓര്‍മ്മകള്‍ നെടുവീര്‍പ്പുകളായി മാറുന്നത് 
നെടുവീര്‍പ്പുകള്‍ കണ്ണീരായി മാറുന്നത്  
ആരുമറിയാതെ ആരും കാണാതെ 
ആ ഇരുട്ടില്‍ ചുമരിനോട് ചേര്‍ന്ന് ആ തണുപ്പില്‍ 
ആഘോഷിക്കാം ഇരുട്ടും പ്രണയവും